2010, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

കൊലപാതകി

സ്രഷ്ടാവിന്റെ വിധി വൈരൂപ്യത്തെ നിഷേധിച്ചവള്‍...മിടിച്ചു തുടങ്ങിയ ഹൃദയത്തെ നിലപ്പിച്ചവള്‍ ..ഇത് വേറെ ആരേയുമല്ല എന്നെ കുറിച്ച് തന്നെയാണ് , ഞാന്‍ വിവരിക്കുന്നത് ..ഞാന്‍ ഒരു മനുഷ്യ ഹൃദയത്തിന്റെ ചലനം ഇല്ലാതാക്കിയെന്നു പറഞ്ഞാല്‍ ഞാന്‍ കൊലപാതകി ആണെന്നല്ലേ അതിന്റെ അര്‍ത്ഥം ?


അതിന്റെ ഉത്തരം കണ്ടെത്തുന്നതിനു മുന്‍പ് എനിക്ക് എന്നോട് ചോദിക്കാന്‍ കുറെ ചോദ്യങ്ങളുണ്ട് ..



മനസ്സിന് വെളിച്ചം നല്‍കുന്നതും ആ വെളിച്ചത്തെ നിഷ്കരുണം ഇരുട്ടാക്കുന്നതും സ്നേഹമെന്ന ആ മഹാശക്തിയുടെ കളിയല്ലേ ..


സ്നേഹത്തെ നന്മയാക്കുന്നതും തിന്മയാക്കുന്നതും മനുഷ്യ മനസ്സാണോ അതോ ഈ സ്നേഹമാണോ നന്മയുടെയും തിന്മയുടെയും സൃഷ്ടി ..


നിശ്ചലമായിക്കിടക്കുന്ന മനസ്സില്‍ ഒരു കുളിര്‍ കാറ്റടിപ്പിക്കുവാനും ,ഒരു പേമാരിയായി ആര്‍ത്തലച്ചു ഒരു കുടുംബത്തെ അല്ലെങ്കില്‍ ഒരു സമൂഹത്തെ മുഴുവന്‍ നശിപ്പിക്കുവാനും സ്നേഹത്തിനു കഴിയും എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു ..അപ്പോള്‍ നന്മയുടെ ഉറവിടം എന്നെല്ലാരും വിശ്വസിക്കുന്ന സ്നേഹമാണോ കൊടുംപാതകങ്ങള്‍ക്കും കാരണം ..



സ്നേഹത്തില്‍ കുടി കൊള്ളുന്ന നന്മ മാത്രമേ ചിലപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാവൂ .. പക്ഷെ അതില്‍ ഒളിഞ്ഞിരിക്കുന്ന , അല്ല ദംഷ്ട്രകള്‍ താഴ്ത്തി ചിരിച്ചു കൊണ്ടിരിക്കുന്ന സ്വാര്‍ത്ഥതയെന്ന ചെന്നായയെ നിങ്ങള്‍ മനസ്സിലാക്കണം ..എന്നെ നിങ്ങള്‍ മനസ്സിലാക്കണം ..
                                                     
ഞാന്‍ ഈ ലോകത്തില്‍ ഏറ്റവും സ്നേഹിക്കുന്നവരൊക്കെ എന്റെ ഇരകളാണ് ..എന്റെ കൂടെ നടക്കുന്ന സ്നേഹമെന്ന ചെന്നായയുടെ ദംഷ്ട്രകള്‍ കൊണ്ട്, ഞാന്‍ ഇഷ്ടപെടുന്നവരെല്ലാം ഉപദ്രവിക്കപ്പെടുകയാണ് ..


ഈ കഥ പറയുന്നതിന് മുന്‍പെന്നെ കുറിച്ചൊരു മുഖവുരയുടെ ആവശ്യമുണ്ട് ..



അച്ഛനും അമ്മയും സ്നേഹം വാരിക്കോരി തരുന്നുണ്ടെങ്കിലും ഞാനതിലെ കുറവുകള്‍ കണ്ടു പിടിച്ചു കൊണ്ടിരുന്നു ..എന്റെ കുട്ടിക്കാലം മുഴുവന്‍ ഞാനും അമ്മയും കൂടി ഒറ്റപ്പെട്ട് കഴിച്ചു കൂട്ടുകയായിരുന്നു ..എല്ലാവരും ഒറ്റ വിളിപ്പുറത്തുണ്ടെങ്കിലും എനിക്ക് ഒരു ഒറ്റപ്പെടല്‍ എവിടെയും മണത്തു ...വല്യമ്മേടെ മക്കളൊക്കെ ഇടയ്ക്കിടെ വീട്ടില്‍ വന്നു പോകും ..കളിയും കുസൃതിയുമായി കുറച്ചു സമയം ..പിന്നെ അവിടം നിറഞ്ഞു നിന്ന ഏകാന്തതയെ ഞാനിന്നും ഭയപ്പെടുന്നു ...കുസൃതികളില്‍ ഞങ്ങള്‍ പങ്കു വച്ചിരുന്ന പഴഞ്ചന്‍ കഥകളില്‍ ഞാന്‍ ഏറെ നേരം ജീവിച്ചു ..അതിനെ ചുറ്റിപ്പറ്റി ചിന്തകള്‍ നെയ്തു കൂട്ടി ..പിന്നെ ഏറെ നേരം ഒറ്റപ്പെട്ടു .



ഒറ്റപ്പുത്രിയായി ജനിച്ച ഞാന്‍ സ്നേഹത്തിന്റെ കാര്യത്തില്‍ തികച്ചും സ്വാര്‍ത്ഥയാണ് ..


അച്ഛന്റെയും അമ്മയുടെയും പൂര്‍ണ്ണ സ്നേഹം എനിക്ക് മാത്രം ആയിരിക്കണം എന്നെനിക്ക് നിര്‍ബന്ധമായിരുന്നു .. അതിനു പുറമേ സ്നേഹത്തിനു മുന്നില്‍ സംശയങ്ങളുടെയും കൂട്ടികിഴിക്കലുകളുടെയും ഒരു ഭാണ്ടക്കെട്ടായിരുന്നു എന്റെ മനസ്സ് .അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിന്റെ അളവ് വരെ ഞാന്‍ മനസ്സില്‍ തിട്ടപ്പെടുത്തും ..എന്ന് വച്ചാല്‍ ഇനി ഇപ്പോ അമ്മ എന്നെ സ്നേഹിക്കുന്നതിലും കൂടുതല്‍ അച്ഛനെയാണോ സ്നേഹിക്കുന്നുണ്ടാവുക എന്നൊക്കെയുള്ള സംശയങ്ങള്‍ .. ആ സംശയം ഞാന്‍ അവരുടെ മുന്‍പില്‍ എത്രയോ തവണ ഉന്നയിച്ചിരിക്കുന്നു ..ആ സ്നേഹം പങ്കിട്ടു പോകുന്നത് എനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല . എന്തിന് അച്ഛന്‍ അമ്മയെ സ്നേഹിക്കാന്‍ പാടില്ല ,അമ്മ അച്ഛനെ സ്നേഹിക്കാന്‍ പാടില്ല എന്നുവരെ തമാശ രൂപത്തില്‍ ഒരു പൊടി മനസ്സില്‍ തട്ടിത്തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട് .



ഈ ലോകത്തില്‍ രണ്ടു വ്യക്തികളുടെ പൂര്‍ണ്ണമായ സ്നേഹത്തിനു ഉടമയാണ് ഞാന്‍ എന്ന അഹങ്കാരം ആണ് എന്നെ ജീവിപ്പിക്കുന്നത് ..



ഇക്കഴിഞ്ഞ് പോയ ഇരുപത്തിമൂന്ന് വര്‍ഷത്തില്‍ ഏകദേശം ഇരുപത് വര്‍ഷം അമ്മ എന്നോടൊപ്പം മാത്രമായിരുന്നു .അതുകൊണ്ട് തന്നെ അമ്മ എന്റേത് മാത്രം ആണെന്നായിരുന്നു എന്റെ വിശ്വാസം ....



ഇനി ഈ മുഖവുരക്കപ്പുറം ഞാന്‍ കഥ പറഞ്ഞു തുടങ്ങട്ടെ ..



അന്നെനിക്ക് പ്രായം 10 വയസ്സാണെന്ന് തോന്നുന്നു . അച്ഛന്‍ നാട്ടില്‍ വന്ന സമയം ..പൂര്‍ണ്ണമായി എന്റെത് മാത്രമായ അമ്മയെ എനിക്ക് നഷ്ടപ്പെട്ടു തുടങ്ങിയെന്നു തോന്നിത്തുടങ്ങിയ കാലം ..



പണ്ടും ഇപ്പോളും അമ്മ അടുത്തുണ്ടെങ്കിലെ എനിക്കുറങ്ങാന്‍ കഴിയുകയുള്ളൂ.. അല്ലെങ്കില്‍ ഞാന്‍ ഉറക്കത്തെ അന്വേഷിച്ച് നടക്കുകയാവും രാത്രി മുഴുവന്‍ ..ചിലപ്പോള്‍ ഉറക്കത്തെ തിരഞ്ഞലഞ്ഞു തളര്‍ന്നു ദുസ്വപ്നങ്ങളിലൂടെ ആ രാത്രി ഞാന്‍ കഴിച്ചു കൂട്ടും .



അങ്ങനെയിരിക്കെ ചില രാത്രികളുടെ പകുതികളില്‍ അമ്മയെ എന്റെ പരിധിയില്‍ നിന്ന് നഷ്ടപ്പെട്ട് തുടങ്ങി . അതു മനസ്സിലാക്കാന്‍ തുടങ്ങിയ ഞാന്‍ അമ്മയോട്  എന്റെ അടുത്ത് തന്നെ ഉണ്ടാകണം എന്നു മുന്‍കൂറായി പറഞ്ഞു . എന്നിട്ടും അമ്മ എന്നില്‍ നിന്നകലുന്നതായി ഞാന്‍ മനസ്സിലാക്കി. അതിനാല്‍ അമ്മ അച്ഛനടുത്തേക്ക് പോകുന്നത് തടയാനായി ഞാന്‍ ചില രാത്രികളില്‍ ഉറങ്ങാതെ അമ്മയെ കെട്ടിപ്പിടിച്ചു, അമ്മയെ ഞാന്‍ ചങ്ങലയ്ക്കിട്ടു .ചില രാത്രികളില്‍ ബോധം നഷ്ടപ്പെട്ട് നിദ്രയില്‍ മുഴുകിയ ഞാന്‍ അരിച്ചു കയറുന്ന വെളുപ്പാന്‍കാലത്തെ തണുപ്പിലാവും അമ്മ എന്റെ അരികിലില്ലെന്ന സത്യം മനസ്സിലാക്കുക .അമ്മയെ എപ്പോഴാണ് ഞാന്‍ എന്നില്‍ നിന്നും മോചിപ്പിച്ചതെന്ന് ആലോചിക്കുകയാവും അപ്പോള്‍ .



അമ്മ എന്നില്‍ നിന്നും അകന്നു പോകുന്നുവെന്ന ബോധം എന്നെ ശരിക്കും ആക്രമിച്ചു തുടങ്ങിയിരിക്കുന്നു .അതിനു കാരണം അച്ഛനാണ് .അച്ഛന്‍ അമ്മയെ എന്നില്‍ നിന്നും പൂര്‍ണ്ണമായി അകറ്റുന്നതായി എനിക്ക് തോന്നി തുടങ്ങി .ഞാന്‍ അമ്മയുടെ മടിയില്‍ കയറി ഇരിക്കാന്‍ പോകുമ്പോഴൊക്കെ അച്ഛന്‍ എന്നെ വിലക്കിത്തുടങ്ങി .അമ്മക്ക് സുഖമില്ലെന്നായിരുന്നു അച്ഛന്‍ കാരണം പറഞ്ഞത് .അച്ഛന്‍, അമ്മയെ എന്നില്‍ നിന്നും വേര്‍തിരിക്കാനുള്ള തത്രപ്പാടിലാണെന്നു എനിക്ക് തോന്നി .അമ്മയെ അച്ഛന് ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന തീരുമാനം ഞാനന്ന് കൈക്കൊണ്ടു .



അന്ന് രാത്രി ഞാന്‍ ഉറങ്ങാതിരിക്കാന്‍ തീരുമാനിച്ചു .അച്ഛനോടുള്ള രോഷം എന്റെ മനസ്സില്‍ ജ്വലിക്കുകയായിരുന്നു .അമ്മയെ എന്റെ കരവലയത്തില്‍ ഞാന്‍ അമര്‍ത്തി പിടിച്ചു .രാത്രി ഏറെക്കഴിഞ്ഞിട്ടും ഞാന്‍ കണ്ണിമ അടക്കാതെ പലതും ആലോചിച്ചു കിടന്നു .അന്നത്തെ ദിവസം അമ്മയുടെ മടിയില്‍ ഇരിക്കാന്‍ പോലും അച്ഛന്‍ സമ്മതിക്കാതിരുന്ന രംഗം മനസ്സില്‍ തികട്ടി വന്നു കൊണ്ടിരുന്നു .



അന്ന് പുറത്ത് തീരെ നിലാവുണ്ടയിരുന്നില്ല എന്നെനിക്ക് തോന്നി .റോഡിലെ സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെട്ടം വെന്റിലേഷനില്‍ കൂടി മുറിയിലെ ഭിത്തിയില്‍ പതിക്കുന്നുണ്ട് .പുറത്തെ ചീവീടുകളുടെ ശബ്ദം ഇടയ്ക്കിടെ ഉയര്‍ന്നു താഴുന്നുമുണ്ട് .ആ ശബ്ദം പേടിപ്പെടുത്തുമ്പോള്‍ ഞാന്‍ അമ്മയോട് ചേര്‍ന്ന് മുഖം പൊത്തിക്കിടക്കും .രാത്രിയുടെ വൈകിയ വേളയില്‍ എപ്പോഴോ നിദ്രാദേവി എന്നെ നിദ്രാവിഹീനയാക്കി .പക്ഷെ ചീവീടുകളുടെ ശബ്ദം പിന്നെയും എന്നെ നിദ്രയില്‍ നിന്നും അടര്‍ത്തി മാറ്റി . ആ കൂരിരുട്ടില്‍ കിടക്കയില്‍ അമ്മയെ കൈകൊണ്ട് പരതി നോക്കി.അമ്മയെ കാണാനില്ല .ഞാന്‍ പേടിച്ചു കിടുങ്ങി .എങ്ങും കുറ്റാക്കൂരിരുട്ട് .ഫാന്‍ കറങ്ങുന്നില്ല .കറന്റ്‌ പോയെന്നു തോന്നുന്നു.ചീവീടുകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ എന്റെ കാതുകളില്‍ തുളച്ചു കയറിക്കൊണ്ടിരുന്നു .  ഞാന്‍ ഭീതി കൊണ്ട് നടുങ്ങി .



ഇരുട്ടിനെ അളന്നുമാറ്റി ഞാന്‍ അപ്പുറത്തെ മുറിയുടെ വാതില്‍ക്കലെത്തി .ഇനി ഒരിക്കലും അമ്മയെ അച്ഛന് വിട്ടുകൊടുക്കില്ല എന്നു മനസ്സില്‍ ശപഥം ചെയ്തു കൊണ്ടായിരുന്നു ആ വാതില്‍ക്കല്‍ ഞാന്‍ തട്ടിയത്.എന്നെ ഒറ്റപ്പെടുത്തിയതിലുള്ള അരിശം കൊണ്ട് ആ വാതില്‍ തല്ലി പൊളിക്കാന്‍ വേണ്ടുന്ന ശക്തിയോടെ  വാതില്‍ക്കല്‍ മുട്ടി ...അച്ഛന്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നു, പാതിയടഞ്ഞ കണ്ണുകളോടെ വന്നു വാതില്‍ തുറന്നു . ദേഷ്യം കൊണ്ട് ഞാന്‍ തിളച്ചു മറിഞ്ഞു .അമ്മ എന്റെത് മാത്രമാണെന്ന അഹങ്കാരത്താല്‍ ഞാന്‍ അമ്മയുടെ അടുത്തേക്ക് ചെന്നു.ഞാന്‍ അമ്മയെ എന്റെ കൈകാലുകള്‍ കൊണ്ട് വരിഞ്ഞു മുറുക്കി .എന്റെ കാലുകള്‍ അമ്മയുടെ വയറിന്മേല്‍ പതിച്ചു .അമ്മ ഉറക്കത്തിനിടയില്‍ ഒരു ഞെട്ടലോടെ ഉണര്‍ന്നു .അപ്രതീക്ഷിതമായി ശക്തിയോടെയുള്ള എന്റെ കെട്ടിപ്പിടുത്തം അമ്മയെ നോവിപ്പിച്ചതായി തോന്നി .അച്ഛന്‍ പെട്ടെന്ന് വന്നു എന്നെ അമ്മയുടെ അടുത്ത് നിന്നും അകറ്റി കിടത്തി.ഞാന്‍ പിന്നെയും അമ്മയുടെ അടുക്കലെക്കമര്‍ന്നു കിടന്നു .അമ്മക്കെന്തോ ഒരസ്വസ്ഥത .അമ്മയുടെ വല്ലായ്മ കൂടിക്കൂടി വന്നു .ഒന്നുമറിയാതെ ഞാന്‍ പിന്നെയും മയങ്ങി .രാത്രിയിലെ മയക്കത്തിനിടയില്‍ ആരൊക്കെയോ വീട്ടില്‍ വന്നു പോകുന്നതായി ഞാനറിഞ്ഞു .എന്തായാലും അമ്മ എന്റെ അടുത്തില്ല .



അടുത്ത രാവിലെ ആയി.അപ്പോഴാണറിഞ്ഞത് അമ്മ ആശുപത്രിയില്‍ ആണ്.അമ്മക്കെന്തു പറ്റി? ഞാന്‍ ആലോചിച്ചു .എന്നെ രാത്രിയില്‍ ഒറ്റക്കുപെക്ഷിച്ചു പോയ അമ്മക്ക് അസുഖം വന്നത് ദൈവം കൊടുത്ത ശിക്ഷയാണെന്ന് ഞാന്‍ വിചാരിച്ചു .



അടുത്ത ദിവസം അമ്മ ഹോസ്പിറ്റെലില്‍ നിന്നും വീട്ടിലേക്കു വന്നു.ഞാന്‍ അമ്മയുടെ അടുക്കല്‍ നിന്നും മാറിയില്ല.എപ്പോഴും അമ്മയുടെ സാരിത്തുമ്പില്‍ ഞാനുണ്ടായി .അന്നത്തെ ദിവസം ഞാന്‍ അമ്മയുടെയും അച്ഛന്റെയും നടുവില്‍ കിടന്നു സുഖമായുറങ്ങി .അമ്മക്ക് സുഖമില്ലെന്ന മുന്നറിയിപ് തന്നിട്ടുള്ളതിനാല്‍ ഞാന്‍ അമ്മയെ അന്ന് മെല്ലെയേ എന്റെ കൈകള്‍ കൊണ്ട് വരിഞ്ഞുള്ളൂ ..അമ്മയുടെ നെഞ്ചിലെ ചൂടേറ്റു ഞാനന്ന് പെട്ടെന്ന് ഉറക്കം പിടിച്ചു .



ദിവസങ്ങള്‍ക്കു ശേഷം , ഞാനും അമ്മയും പിന്നെയും ഒറ്റക്കായി .അച്ഛന്‍ വിദേശത്തേക്ക് പറന്നകന്നു .






പിന്നെയും എന്റെത് മാത്രമായി എന്റെ അമ്മ ..ഇടയ്ക്കിടെ ബന്ധുമിത്രാധികള്‍ സുഖ വിവരങ്ങള്‍ അന്വേഷിച്ചു വന്നു പോയി ..ആയിടെ എന്റെ വല്യമ്മേടെ മകനായ അപ്പുവണ്ണന്‍ വീട്ടില്‍ വന്നു .കുറെ സമയം ഞങ്ങളൊരുമിച്ചു കളിച്ചു .ഒടുവില്‍ എന്നത്തേയും പോലെ എന്തോ പറഞ്ഞു വഴക്കിട്ടു ..ഞങ്ങളുടെ പിണക്കം കളി തമാശകളുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ചു .”നീ എന്റെ കുഞ്ഞനുജനെ കൊന്നില്ലേടി ” എന്ന ചോദ്യം എന്നെ ഒന്ന് നടുക്കി ..






അപ്പുവണ്ണന്‍ അന്ന് പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കാന്‍ ഞാന്‍ കുറെ നാളെടുത്തു .എല്ലാം കൂട്ടിവായിച്ചപോള്‍ ഞാന്‍ കൊലപാതകി ആണെന്ന ആ നഗ്ന സത്യം ഞാന്‍ മനസ്സിലാക്കി ..അറിയാതെ ആണെങ്കിലും ഞാന്‍ ഒരു ജീവനെ ഇല്ലാതാക്കിയെന്ന ബോധം എന്നെ അന്നേറെ വേദനിപ്പിച്ചു ..എങ്കിലും ഒരു കൊല ചെയ്ത കൊലപാതകിക്ക് ഏറെ കഴിഞ്ഞെങ്കിലും ഉണ്ടാകുമെന്ന് ഞാന്‍ വിചാരിക്കുന്ന ഒരു തിരിച്ചറിവ് എനിക്കിന്നാള്‍ വരെ ഉണ്ടായിട്ടില്ല ..ഒരു കൊലപാതകിയുടെ മനസ്സില്‍ പതുങ്ങിയിരിക്കുന്ന ക്രൂരത ഏറെ നാള്‍ കഴിഞ്ഞെങ്കിലും അസ്തമിച്ചു പോകില്ലേ ? പക്ഷെ ഞാനെന്നെ ന്യായീകരിക്കുകയാണ് ചെയ്യുന്നത് .






ഏറെ നാള്‍ കഴിഞ്ഞു .ഇന്ന് 2010 ആഗസ്റ്റ്‌ മാസം, തീയതി 6.






ഇന്നിപ്പോ ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ചാണ് . ഇന്നും ഞങ്ങളുടെ വീട്ടിലെ പിണക്കങ്ങള്‍ക്ക്‌ കാരണം ഞാനാണ് ..സ്നേഹത്തിനെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ട് തിട്ടപ്പെടുത്തി വഴക്കുണ്ടാക്കുന്ന ആ പണ്ടത്തെ സ്വഭാവത്തിന് എനിക്കിന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല .ഈ ലോകത്തിലെ എല്ലാ നന്മ തിന്മകളെയും ശരി തെറ്റുകളെയും മനസ്സിലാക്കേണ്ട പ്രായം ഒക്കെ അതിക്രമിച്ചിരിക്കുന്നു . എന്നിട്ടും എനിക്ക് എന്റെ അമ്മ എന്റെ മാത്രമാണെന്ന സ്വാര്‍ത്ഥ ബോധത്തിനെ എന്നില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ ഇത് വരെ സാധിച്ചിട്ടില്ല ..


2010, ഓഗസ്റ്റ് 3, ചൊവ്വാഴ്ച

കിങ്ങിണി

കിങ്ങിണി എന്നാണ് അവളുടെ പേര് .വെള്ളയില്‍ മഞ്ഞനിറത്തോട് കൂടിയ അവള്‍ക്കു നല്ല ചാരനിറത്തിലെ കണ്ണുകളായിരുന്നു ..കണ്ണുകളില്‍ കുട്ടിത്തവും കുസൃതിയും നിറഞ്ഞു നിന്നു.വാലിനു മഞ്ഞനിറം .കണ്ണുകളില്‍ കണ്മഷിയിട്ട പോലെ നീട്ടിയെഴുതിയ അടയാളം . ഒരു വയസ് പ്രായം ..
                                                                       

കിങ്ങിണി അവളാണോ അവനാണോ എന്ന് എനിക്കിപ്പോഴും സംശയം ആണ് ..എനിക്ക് പെണ്‍കുട്ടികളോടുള്ള ഇഷ്ടം കാരണം ഞാന്‍ എനിക്ക് സ്നേഹം തോന്നുന്നവയെ ഒക്കെ ഏതെങ്കിലും പെണ്‍ തനിമയുള്ള പേരിട്ടായിരിക്കും വിളിക്കുക ..അതുകൊണ്ടാണവള്‍ക്ക് ഞാന്‍ കിങ്ങിണി എന്നു പേരിട്ടത് ..


അത് പറഞ്ഞപ്പോഴാണ് വേറൊരു കാര്യം ഓര്‍ത്തത് .കിങ്ങിണിയുണ്ടാകുന്നതിനു മുന്‍പ് ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നത് ചന്തു ആയിരുന്നു .അമ്മയാണതിന് പേരിട്ടത്. അമ്മയ്ക്ക് ആണ്‍കുട്ടികളെ ഇഷ്ടമായത് കൊണ്ടാവാം ആ പേരിട്ടത് . പക്ഷെ ഞാന്‍ അതിനെ ചോദ്യം ചെയ്തില്ല .ഞാനും ആ പേര് ചൊല്ലിത്തന്നെ അതിനെ വിളിച്ചു .ഞാന്‍ ഹോസ്റ്റലില്‍ പോയപ്പോള്‍ അമ്മയും ചന്തുവും തനിച്ചായി ,അങ്ങനെ കാലം തള്ളി നീക്കുന്നതിനിടയിലാണ് ഒരു നഗ്നസത്യം ഞങ്ങള്‍ തിരിച്ചറിയുന്നത് .ചന്തു ആണല്ല പെണ്ണാണ്‌ .ആ നഗ്ന സത്യം അമ്മ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ് . ഞങ്ങളുടെ അലമാരയില്‍ ചന്തുവിന്റെ പ്രസവം കഴിഞ്ഞപ്പോള്‍, ആ വൈകിയ വേളയില്‍ അമ്മ ഒരു ഞെട്ടലോടെ ആ സത്യം തിരിച്ചറിഞ്ഞു .അന്ന് തന്നെ ഫോണ്‍ ചെയ്ത് അമ്മ ആ ഞെട്ടിപ്പിക്കുന്ന സത്യം എന്നെ അറിയിക്കുകയുണ്ടായി .അന്ന് ഒരു ഞെട്ടലോടെ ഞാന്‍ പൊട്ടിച്ചിരിച്ചു .
      
         ചന്തു




അന്ന് ചന്തു ഞങ്ങള്‍ക്ക് തന്ന സമ്മാനമാണ് കിങ്ങിണി .കിങ്ങിണിയെ കൂടാതെ പപ്പിയും ഉണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍ .പക്ഷെ ഡിസംബര്‍ മാസത്തെ കോച്ചുന്ന തണുപ്പില്‍ പനിച്ചു വിറച്ച് പപ്പി ചത്ത്‌ പോയി .പപ്പിയുടെ മൃത ശരീരം ഞാന്‍ കണ്ടില്ല .അമ്മയാണ് അതിന്റെ കുഴിച്ചു മൂടല്‍ ചടങ്ങുകള്‍ നിര്‍വഹിച്ചത് ..


                                                                                                                    
 ആ തണുപ്പത്ത് അതിന്റെ ശരീരം മരവിച്ചു കട്ടിയായി പോയിരുന്നതായി അമ്മ എന്നോട് പറഞ്ഞു ..പപ്പിയ്ക്ക് അത്ര ഭംഗിയും കുസൃതിത്തരങ്ങളും ഒന്നും ഇല്ലാഞ്ഞതിനാല്‍ എനിക്ക് അത്ര വിഷമം ഒന്നും തോന്നിയുമില്ല ..പക്ഷെ പപ്പിയുടെ വേര്‍പ്പാട് കിങ്ങിണിയെ വേദനിപ്പിച്ചുവെന്നെനിക്ക് തോന്നി ..കിങ്ങിണി എപ്പോഴും പപ്പിയുടെ പുറത്ത് കയറി ഇരുന്നാവും ഉറങ്ങുക ..ചിലപ്പോഴൊക്കെ അവര്‍ പരസ്പരം സ്നേഹ പ്രകടനങ്ങള്‍ നടത്തുന്നതും കാണാറുണ്ടായിരുന്നു ..പപ്പിയെ അന്വേഷിച്ച് കിങ്ങിണി പലയിടത്തും അലഞ്ഞു നടന്നു .ഇപ്പോഴും കിങ്ങിണി അറിഞ്ഞിട്ടില്ല പപ്പി ഈ ഭൂമിയില്‍ ഇല്ലെന്നു ..

പപ്പിയുടെ വേര്‍പാടിന് ശേഷമാണ് കിങ്ങിണി ഞങ്ങളോട് കൂടുതല്‍ അടുത്തത് ..അമ്മയാണ് കിങ്ങിണിയെ എടുക്കാന്‍ എന്നെ പഠിപ്പിച്ചത് ..ആദ്യമൊക്കെ എനിക്കൊരുതരം വെറുപ്പായിരുന്നു അതിന്റെ ശരീരത്ത് സ്പര്‍ശിക്കുമ്പോള്‍ ..അമ്മ അതിനെ വാരിയെടുക്കുന്നത് കണ്ട് ഞാനും അനുകരിച്ചു ..പിന്നീട് കിങ്ങിണിയെ എപ്പോഴും എടുക്കുന്നതെന്തിനെന്നു ചോദിച്ചു അമ്മ എന്നെ വഴക്ക് പറയുവാന്‍ തുടങ്ങി .അതിനു ഞാന്‍ സ്വസ്ഥത കൊടുക്കുന്നില്ലെന്നായിരുന്നു അമ്മയുടെ പരാതി ..                                                                                                         

ശരിക്കും കിങ്ങിണി ഒരു കളിക്കുടുക്ക തന്നെയായിരുന്നു ..അമ്മ വീടിനകത്ത് കൂടി നടക്കുമ്പോഴൊക്കെ അമ്മയുടെ സാരിത്തുമ്പ്‌ അവള്‍ ചാടി പിടിക്കുമായിരുന്നു ..അവളെ കൂടുതല്‍ സുന്ദരിയാക്കാന്‍ വേണ്ടി ചേച്ചി കന്യാകുമാരിയില്‍ നിന്ന് വാങ്ങി വന്ന കുങ്കുമം ഞാനവളുടെ നെറ്റിയില്‍ തൊടുവിച്ചു ..ആ മഞ്ഞ കലര്‍ന്ന വെള്ള നെറ്റി മേല്‍ കുങ്കുമം കൂടി ആയപ്പോള്‍ അവള്‍ കൂടുതല്‍ സുന്ദരിയായി ..പക്ഷെ അവള്‍ അധിക നേരം അത്രക്ക്‌ സുന്ദരിയായിരിക്കാന്‍ കൂട്ടാക്കിയില്ല ..അവളുടെ കൈകള്‍ കൊണ്ടവള്‍ ആ കുങ്കുമപൊട്ട് തുടച്ചു കളഞ്ഞു ..

എന്റെ കളിപ്പാട്ടമായി കിങ്ങിണി മാറി .ഞാനെന്തു ചെയ്താലും അവളെന്നെ ഒന്നും ചെയ്തില്ല ..വാതിലിന്റെ മറവില്‍ ചെന്ന് നിന്ന് പതിയെ കാല്‍പെരുമാറ്റം കേള്‍പ്പിക്കുമ്പോള്‍ അവള്‍ പേടിച്ചെവിടെയെങ്കിലും ചെന്ന് ഒളിച്ചിരിക്കും ..എന്നിട്ട് ഞാന്‍ അടുത്തേക്ക്‌ ചെല്ലുമ്പോള്‍ വാലും പൊക്കി ഓടും ..ഞാന്‍ എവിടെയെങ്കിലും പോയിട്ട് തിരിച്ചു വീട്ടിലേക്കു വരുമ്പോള്‍ എന്നെ കളിയ്ക്കാന്‍ കൂട്ടാനായി അവള്‍ എവിടുന്നെങ്കിലും പെട്ടെന്ന് ഓടിച്ചാടി വരും ..

പിന്നെ ഏറ്റവും രസകരമായ കാര്യം മറ്റൊന്നാണ് .രാവിലെ മീനും കൊണ്ട് മീന്‍കാരാരെങ്കിലും റോഡിലൂടെ പോയാല്‍ അവള്‍ തത്ക്ഷണം വീട്ടിന്റെ പുറത്ത് കടന്നു റോഡിലെത്തും ..മീന്‍ വരുന്നോ എന്നറിയാന്‍ കിങ്ങിണിയെ നോക്കിയാല്‍ മതിയെന്നാണ് അമ്മ പറയുന്നത് ..
ആദ്യമൊക്കെ ഞങ്ങള്‍ കിങ്ങിണിക്ക് ഭക്ഷണം കൊടുത്തിരുന്നത് കടലാസിന്മേല്‍ വച്ചാണ് .പിന്നെ ഞങ്ങള്‍ ഉപയോഗിക്കാതിരുന്ന ഒരു മെലാമിന്‍ പ്ലേറ്റ് കിങ്ങിണിക്കായി ഞാന്‍ മാറ്റി വച്ചു.എന്നും അതിലായിരുന്നു അവള്‍ ചോറും മീനും കൂട്ടി മൃഷ്ടാനം ഭോജിച്ചിരുന്നത് ..


കിങ്ങിണിയുടെ പുറത്തെ സഞ്ചാരം വളരെ കുറവാണ് .അത് മറ്റൊന്നും കൊണ്ടല്ല .സഹജീവികളെ പേടിയായത് കൊണ്ട് മാത്രമാണ് .ഒരു ദിവസം ഒരു കണ്ടന്‍ പൂച്ചയെ കണ്ട കിങ്ങിണി ഞങ്ങളുടെ കൊന്നത്തെങ്ങിന്റെ പകുതിയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത് ..
ഞങ്ങള്‍ ടിവി കാണുമ്പോള്‍ അവളും ഞങ്ങളോടൊപ്പം വന്നു ടിവി കാണും ..ടിവി മേലുള്ള അവളുടെ സൂക്ഷ്മനിരീക്ഷണം വളരെ രസകരമാണ് ..ചില സമയം അവളെ ചൊടിപ്പിക്കാനായി ഞാന്‍ അനിമല്‍ പ്ലാനെറ്റ് വച്ചു കൊടുക്കും .അവയിലെ പറന്നു പോകുന്ന പക്ഷികളെയൊക്കെ അവള്‍ ചാടി പിടിക്കാനായും ..ടിവി തല്ലിപ്പൊളിക്കുമോ എന്ന് ഞാനൊരു വട്ടം ഭയക്കുകയും ചെയ്തു .



അങ്ങനെ കിങ്ങിണി പെണ്ണാണെന്ന് വിചാരിച്ചിരിക്കെ അമ്മയ്ക്ക് ഒരു ദിവസം ഒരു ബോധോദയം ഉണ്ടായി ..കിങ്ങിണിയുടെ വാലിന്റെ കീഴെ മണി പോലത്തെ ഒരു സാധനം അമ്മ കണ്ടെത്തിയിരിക്കുന്നു ..അതുകൊണ്ട് തന്നെ കിങ്ങിണി പെണ്ണാണെന്ന എന്റെ കണക്കുകൂട്ടല്‍ തെറ്റാണത്രെ ..അങ്ങനെ എനിക്ക് തെല്ലു സങ്കടമുണ്ടായി ..പിന്നെ കിങ്ങിണിയുടെ കുസൃതിത്തരങ്ങളും കളികള്‍ക്കുമിടയില്‍ ഒരു ലിംഗവിവേചനം കിങ്ങിണിയോട് കാണിക്കാന്‍ എനിക്ക് തോന്നിയില്ല ..ഞാന്‍ കിങ്ങിണിയെ അവളെന്ന് തന്നെ സംബോധന ചെയ്തു വന്നു ..

അതിനിടയില്‍ ഒരു ദിവസം ഞങ്ങള്‍ രാവിലെ കതകു തുറന്നപ്പോള്‍ കണ്ട കാഴ്ച ഹൃദയ ഭേദകമാണ്‌ . കിങ്ങിണി നനഞ്ഞു കുഴഞ്ഞു വിറച്ചു പടിയില്‍ കിടക്കുന്നു ..അമ്മ വാതില്‍ തുറന്നപ്പോഴെക്കും അവള്‍ അകത്തു കയറി അടുക്കള വശത്തെ വാതില്‍ക്കല്‍ ഇട്ടിരിക്കുന്ന ചവിട്ടു മെത്തയില്‍ ചുരുണ്ട് കൂടി ഒരേ കിടപ്പ് .അതെങ്ങനെ സംഭവിച്ചെന്നു ഞാനും അമ്മയും അന്ധാളിച്ചു..ഞങ്ങളോട് ശത്രുതയുള്ള അപ്പുറത്തെ വീട്ടുകാര്‍ പ്രതികാരം വീട്ടിയതാണെന്ന് ഞങ്ങള്‍ തെറ്റിദ്ധരിച്ചു ..പിന്നീടാണറിയുന്നത് കിങ്ങിണി കിണറ്റില്‍ വീണ വിവരം .കിങ്ങിണി ഞങ്ങളുടെ തൊട്ടു മുമ്പിലത്തെ വീട്ടിലെ കിണറ്റില്‍ ചാടിയത്രേ ..വളരെ ദിവസങ്ങള്‍ക്കു ശേഷമാണ് കിണറ്റില്‍ ചാടിയ സംഭവം അറിയുന്നത് ..എന്തോ ഭാഗ്യത്തിന് രക്ഷപ്പെട്ടതാണെന്നാണ് അപ്പുറത്തെ വീട്ടുകാര്‍ ഞങ്ങള്‍ക്ക് തന്ന വിവരം .എന്തായാലും ഒന്നും പറ്റിയില്ലല്ലോ എന്ന് ഞങ്ങള്‍ ആശ്വസിച്ചു ..ഈ സംഭവത്തിനു ശേഷം അമ്മ നല്ല കട്ടിയുള്ള നൈലോണ്‍ തുണി വാങ്ങി ഞങ്ങളുടെ കിണറിനു മുകളില്‍ കെട്ടിയടച്ചു .ഇനി ഞങ്ങളുടെ കിണറു കണ്ടിട്ട് അവള്‍ക്ക് ചാടാന്‍ തോന്നണ്ടല്ലോ ..

ഒരു ദിവസം ഒരു ഉച്ചയുറക്കവും കഴിഞ്ഞു ഞാനും അമ്മയും ഉണര്‍ന്നു ..സാധാരണ ഞങ്ങളുടെ സോഫയിലോ ചവിട്ടുമെത്തകളിലോ കിടക്കാറുള്ള കിങ്ങിണിയെ ഞാന്‍ പലയിടങ്ങളിലും അന്വേഷിച്ചിട്ട് എനിക്ക് കണ്ടെത്താന്‍ പറ്റിയില്ല ..എവിടെയും ഒരനക്കവുമില്ല ..കുറെ നേരം കഴിഞ്ഞപ്പോളാണ് പരിചിതമല്ലാത്ത ഒരു വസ്തു ഞങ്ങളുടെ ഷോ കെയ്സില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് ഞാന്‍ കണ്ടത് ..നോക്കുമ്പോഴുണ്ട് ഉറക്കച്ചടവോടെ കിങ്ങിണി എഴുന്നേല്‍ക്കുന്നു ..ആ കൗതുകകരമായ കാഴ്ച ഞങ്ങളെ ഏറെ നേരം ചിരിപ്പിച്ചു ..
അങ്ങനെ ഓരോ ദിവസങ്ങളും കിങ്ങിണിയുമൊത്ത് ഞാനും അമ്മയും സന്തോഷത്തോടെ ജീവിച്ചു പോന്നു ..കിങ്ങിണി എന്റെ കുഞ്ഞനുജത്തി ആണെന്ന് പോലും ഞാന്‍ അമ്മയോട് പറയാറുണ്ടായിരുന്നു ..

അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛന്റെ ഫോണ്‍ വന്നു ..എന്നെയും അമ്മയെയും ദുബായിലേക്ക് പറിച്ചു നടാന്‍ പോകുന്നു ..ആ വാര്‍ത്ത‍ കേട്ട് ഞാന്‍ ഞെട്ടി ..എനിക്ക് എന്റെ വീടും വീട്ടുകാരെയും നാട്ടുകാരെയും വിട്ടുപോകുന്നതില്‍ ഒരു താത്പര്യവുമില്ലയിരുന്നു ..അമ്മയ്ക്കെന്തായാലും സന്തോഷമായി ..അമ്മ ആ വാര്‍ത്ത‍ കേള്‍ക്കാനായി കുറെ നാളായി കൊതിച്ചിരുന്നതാണ്..അമ്മ അടക്കാനാവാത്ത സന്തോഷം പ്രകടിപ്പിച്ചു ..എന്റെ സങ്കടം കരച്ചിലിന്റെ വക്കോളമെത്തി ..
പക്ഷെ ഒരു പറിച്ചു നടല്‍ കൂടിയേ തീരു എന്ന് അച്ഛന്‍ വാശി പിടിച്ചു ..ഞാന്‍ അവസാനം മനസ്സില്ലാമനസ്സോടെ സമ്മതിച്ചു ..എന്റെ വീട്ടില്‍ എന്റെ കട്ടിലില്‍ എനിക്ക് കിടന്നുറങ്ങാന്‍ പറ്റുന്ന ഓരോ ദിവസങ്ങളും വേഗത്തില്‍ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു ..കിങ്ങിണിയുടെ കുസൃതിത്തരങ്ങളും കളികളും ഓരോ ദിവസം കഴിയുംതോറും കൂടിക്കൂടി വന്നു .

കിങ്ങിണിയെയും ഞങ്ങളുടെ കൂട്ടത്തില്‍ കൊണ്ട് വരാന്‍ ഞാനൊരു പരിശ്രമം നടത്തി നോക്കി ..
പക്ഷെ അതിനായി കുറെ കടമ്പകള്‍ കടക്കണമായിരുന്നു ..എന്റെ ആവശ്യം വെറും കുട്ടിത്തമായാണ് അച്ഛന്‍ കണ്ടത് ..കിങ്ങിണിയെ കൂടെ കൊണ്ട് പോകുന്നതിനു അവളുടെ പാസ്പോര്‍ട്ടും മേലധികാരികളുടെ കൈയൊപ്പും ഒക്കെ വേണമെന്ന് ഞാന്‍ മനസ്സിലാക്കി ..ഞങ്ങളുടെ പാസ്പോര്‍ട്ട്‌ എടുക്കാന്‍ വേണ്ടി കയറിയിറങ്ങിയ കഷ്ടപ്പാടോര്‍ത്ത് കിങ്ങിണിയുടെ പാസ്പോര്‍ട്ട്‌ എടുക്കാനുള്ള മോഹം ഞാന്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു ..

ഞങ്ങളുടെ ടിക്കറ്റ്‌ ബുക്ക് ചെയ്തു .കൌണ്ട്‌ ഡൌണ്‍ തുടങ്ങി കഴിഞ്ഞു .കിങ്ങിണിയുടെ കളികളും കൂടിക്കൂടി വന്നു ..ബോള്‍ ഐസ് ക്രീമിന്റെ ബോള്‍ ഒക്കെ ഇട്ടു തട്ടി തട്ടി കുതിച്ചു ചാടി അവള്‍ എന്നോടൊപ്പം കളിച്ചു .ഇടക്ക് മേശയുടെയും കസേരയുടെയും കാലുകളില്‍ അവളുടെ കുഞ്ഞു കാലുകള്‍ വന്നിടിക്കുകയും ചെയ്തു .അതൊന്നും കൂസാതെ അവള്‍ പിന്നെയും കുത്തി മറിഞ്ഞു കളിച്ചു . .എനിക്ക് അവളെ പിരിയുന്നതോര്‍ക്കുമ്പോള്‍ ഇടയ്ക്കിടെ കരച്ചില്‍ വന്നു ..ഞങ്ങളുടെ വൈകുന്നേരങ്ങളില്‍ ആത്തിമരത്തിലും മറ്റും ചാടിക്കയറി കളിച്ച് അവള്‍ എന്നെയും അമ്മയെയും രസിപ്പിച്ചു കൊണ്ടിരുന്നു ..

ഒടുവില്‍ എനിക്ക് അവളെ വിട്ടുപിരിയേണ്ട ദിവസമെത്തി .. അവള്‍ അന്നെന്നെ വിട്ടു പിരിഞ്ഞതെയില്ല .. മുഴുവന്‍ സമയവും എന്നോടൊപ്പം കളിച്ചു ....



അന്ന് നേരിയ മഴ ചാറുന്നുണ്ടായിരുന്നു ..സന്ധ്യയെ രാത്രിയുടെ കറുപ്പ് പതിയെപ്പതിയെ മായിക്കുന്നത് ഞാന്‍ കണ്ടു .എന്റെ കണ്ണുകള്‍ സങ്കടം താങ്ങാനാകാതെ കലങ്ങിയിരുന്നു ..ഞാന്‍ എന്റെ സങ്കടം പുറമേ കാട്ടിയില്ല ..അടുത്ത ദിവസങ്ങളിലെ ഈ നനവാര്‍ന്ന സന്ധ്യകള്‍ എനിക്ക് നഷ്ടപ്പെടുമെന്നതോര്‍ത്ത് എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊടിഞ്ഞു ..

ഞങ്ങള്‍ സാധനങ്ങള്‍ എടുത്തു കൊണ്ട് പുറത്തിറങ്ങിയിട്ടും അവള്‍ പുറത്തേക്കിറങ്ങാന്‍ കൂട്ടാക്കിയില്ല ..ഒടുവില്‍ അമ്മ അവളെ വാരിയെടുത്തു പുറത്താക്കി കതകടച്ചു ..എത്ര മായ്ച്ചാലും കണ്ണുകളില്‍ നിന്ന് മായാത്ത രംഗമായിരുന്നു അത് .. അവളുടെ കണ്ണുകളിലെ കുട്ടിത്തവും കുറുമ്പും അന്ന് കൂടിയതായി എനിക്ക് തോന്നി ..ഞങ്ങള്‍ ഗേറ്റ് പൂട്ടി യാത്രയാകുന്നത് അവള്‍ വരാന്തയില്‍ ഇരുന്നു കണ്ണുകള്‍ ഇടയ്ക്കിടെ വെട്ടിച്ച് നോക്കി കൊണ്ടിരുന്നു ....ഞങ്ങള്‍ അടുത്ത ദിവസം തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയോ അതോ എല്ലാം അറിഞ്ഞു കൊണ്ടുള്ള ഒരു യാത്രയയപ്പോ എന്താണ് ഞാനവളുടെ കണ്ണുകളിലപ്പോള്‍ കണ്ടത് ?

                                                            കിങ്ങിണിയും പപ്പിയും



ശത്രു



പച്ചപ്പരിഷ്കാരം കൊണ്ട് മോണ കാട്ടി ചിരിച്ച് ,
വെളുപ്പിനെ നിറം പിടിപ്പിച്ച കുപ്പായമിട്ട് ,
വിചാരങ്ങളില്‍ അഴുക്കിന്റെ കറ പിടിപ്പിച്ച്‌ ,
അന്യനെ നിശ്വാസം കൊണ്ടിടിച്ചു താഴ്ത്തി ,
തിന്മയെന്ന കൊടുവാളിനു മൂര്‍ച്ച കൂട്ടി ,
തൂലികയില്‍ അഹന്ത കൊണ്ട് മഷി പുരട്ടി ,
വാക്കുകളില്‍ രാക്ഷസ താണ്ഡവം ജനിപ്പിച്ച് ,
എന്റെ ദുഖങ്ങളില്‍ വിജയാശ്രുക്കള്‍ പൊഴിച്ച്
ഒളിപ്പോരാട്ടത്തിലൂടെയസ്ത്രങ്ങള്‍ തൊടുത്തെ-
നിക്ക് മേല്‍ വിജയങ്ങള്‍ നെയ്യുന്ന നെയ്ത്തുകാരന്‍..